Thursday, April 18, 2019

ബുദ്ധൻ


ഹൈദരാബാദിലെ  ശിൽപരാമത്തിലാണ് ആദ്യമായി ആ ബുദ്ധ പ്രതിമയെ ഞാൻ കാണുന്നത്.ബുദ്ധനും  ബുദ്ധന്റെ ആശയങ്ങളും എനിക്ക് ചെറുപ്പം മുതൽ പ്രിയമുള്ളതായിരുന്നതിനാൽ, ബുദ്ധ പ്രതിമകളും,ചിത്രങ്ങളും സദാ  ഞങ്ങളുടെ വീടിൻ്റെ  സ്വീകരണമുറിയിൽ നിറഞ്ഞു നിന്നിരുന്നു.


എന്നാൽ, ഈ ബുദ്ധ പ്രതിമ മറ്റുള്ളവയെ പോലെ ആയിരുന്നില്ല.ഈ പ്രതിമക്ക് നീണ്ട വശ്യമായ മൂക്കും,നിറഞ്ഞ ചുണ്ടുകളും,ആഴ്ന്നിറങ്ങുന്ന നോട്ടമുള്ള കണ്ണുകളും ഉണ്ടായിരുന്നു.അതിനെ കണ്ട മാത്രയിൽ തന്നെ,ശ്യാമിൻ്റെ  മുഖ ഛായ ഉള്ളതായി എനിക്ക് തോന്നി.അക്കാരണത്താൽ തന്നെ വളരെയധികം വിലപേശാതെ ഞാൻ അത് വാങ്ങി .

ഞാൻ ഗർഭിണിയായിരുന്ന കാലഘട്ടമായിരുന്നു അത്.അല്പസ്വല്പം അസ്വസ്ഥതകൾ ഉള്ളതിനാൽ ഞാൻ മിക്കദിവസവും ഓഫീസിൽ പോകാറുണ്ടായിരുന്നില്ല.ആ ദിവസങ്ങളിൽ ശ്യാം രാവിലെ ജോലിക്കു പോയാൽ ഇരുട്ടിയ ശേഷമേ വരികയുള്ളു.പകൽ നേരം മുഴുവൻ ഞാൻ തനിച്ചായിരിക്കും.


എൻ്റെ  ഏകാന്തതയിൽ ആ ബുദ്ധ ശില്പമെന്നെ അത്യന്തം ആകർഷിച്ചു കൊണ്ടിരുന്നു.അത് തുടച്ചു മിനുക്കി, എന്റെ മരത്തിന്റെ പുസ്തക അലമാരയുടെ ഒത്ത നടുവിൽ ഞാൻ പ്രതിഷ്ഠിച്ചു.


അതിനെ നോക്കി കിടക്കുമ്പോൾ എൻ്റെ ആത്‌മാവ്‌ ആ  ബുദ്ധനിലാണെന്ന്‌ എനിക്ക് തോന്നി.ആ പ്രതിമയുടെ മൂക്കും ,ചുണ്ടുകളും തലോടുമ്പോൾ ഏതോ ഒരു മുത്തശ്ശിക്കഥയിലെ പോലെ  ആ പ്രതിമക്ക് ജീവൻ വയ്ക്കുകയും  ആ ബുദ്ധനെന്നെ ആലിംഗനം ചെയ്യുകയും ചെയ്തു.


അന്ന് രാത്രി ഞാൻ ശ്യാമിനോട് ചോദിച്ചു, "യശോധാരയെ വിട്ടു പോയതു പോലെ എന്നെയും കുഞ്ഞിനേയും താങ്കൾ വിട്ടു പോവില്ലെന്നെന്താണുറപ്പ് ?".

ഒന്നും മിണ്ടാതെ ശ്യാം എൻ്റെ മുടിയിഴകൾ തലോടി കൊണ്ട് കിടന്നു.

ഒരിക്കൽ ശ്യാം എന്നെ വിട്ടു പോവുമെന്നുള്ള ഭയം ഗർഭകാലം  മുഴുവൻ എന്നെ അലട്ടി കൊണ്ടിരുന്നു.

ഇന്നും ആ ബുദ്ധ പ്രതിമ ഞങ്ങളുടെ സ്വീകരണ മുറിയിലുണ്ട്;ഇപ്പോഴും ആ  ബുദ്ധന് ശ്യാമിന്റെ ഛായ ആണ്.

5 comments:

VAVA said...

Good one...keep going dear


Jisha

shyamu said...

i am humbled...your buddha

Unknown said...

കൊള്ളാം.. പക്ഷെ ബുദ്ധനെ സംശയിക്കരുത്...

Unknown said...

Kathakarikku abhivadyangal

Sarika said...

Thank you
Pakshe ithaaraaanu